H3N8 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് ചൈനയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഗ്വാങ്ഡോങ് പ്രവിശ്യയിൽ നിന്നുള്ള സ്ത്രീയാണ് വൈറസ് ബാധിച്ച് മരണമടഞ്ഞത്. മാർച്ച് പതിനാറിനാണ് വൈറസ് ബാധിച്ച് അമ്പത്തിയേഴുകാരി മരിച്ചതെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. H3N8 പക്ഷിപ്പനി മനുഷ്യനെ ബാധിച്ച മൂന്നാമത്തെ കേസായിരുന്നു യുവതിയുടേത്.
എന്താണ് H3N8 വൈറസ്?
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേയ്ക്ക് എളുപ്പത്തിൽ പകരാൻ പ്രാപ്തമല്ലാത്ത വൈറസ് ആണിത്. 2002-ലാണ് നോർത്ത് അമേരിക്കയിൽ H3N8 ആദ്യമായി ഒരിനം ജലപക്ഷികളിൽ റിപ്പോർട്ട് ചെയ്യുന്നത്. കോഴികള്‍, കുതിരകൾ, നായ്ക്കൾ, നീർനായ്ക്കൾ എന്നിവയിലേക്ക് എളുപ്പത്തിൽ രോഗം പകരും. ആഗോളതലത്തിൽ സാധാരണയായി മൃഗങ്ങളിൽ സ്ഥിരീകരിച്ചിരിക്കുന്ന ഒരിനം ഇൻഫ്ലുവൻസ എ വിഭാഗം വൈറസ് ആണിത്.
പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കുള്ള രോഗവ്യാപനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് സംഭവിക്കാറുള്ളത്. മിക്ക കേസുകളിലും പക്ഷികളുമായി ബന്ധപ്പെട്ട ഫാമുകളുമായോ മലിനമായ അന്തരീക്ഷവുമായോ ഇടപഴകിയവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരിട്ടോ അല്ലാതെയോ രോഗം ബാധിച്ച പക്ഷികളുമായോ മലിനീകരിക്കപ്പെട്ട അന്തരീക്ഷവുമായോ സമ്പർക്കം പുലർത്തുന്നവരിൽ രോഗം ബാധിക്കാം.
ലക്ഷണങ്ങള്‍ എന്തെല്ലാം?
ചിലരില്‍ ലക്ഷണങ്ങളില്ലാതെയോ ലക്ഷണങ്ങളോടു കൂടിയോ വൈറസ് ബാധിക്കാം. ചെങ്കണ്ണ്, നേരിയ പനി എന്നിവയിൽ തുടങ്ങി ഗുരുതരമായ ശ്വാസകോശ രോഗങ്ങളോ മരണമോ വരെ സംഭവിക്കാം. ഉദര-കുടൽ സംബന്ധമായ പ്രശ്നങ്ങളും നാഡീസംബന്ധമായ പ്രശ്നങ്ങളും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുന്‍കരുതലുകള്‍ എന്തെല്ലാം?
വ്യക്തിശുചിത്വം തന്നെയാണ് പ്രധാന മുന്‍കരുതല്‍. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. മൃഗങ്ങളുമായി അടുത്തിടപഴകുമ്പോഴോ ഫാമുകളിൽ പോകുമ്പോഴോ കൂടുതൽ ജാഗ്രത പാലിക്കണം.