മുംബൈ: ബിസിനസ് ലോകത്തെ വാർത്തകളിൽ നിരന്തരം നിറഞ്ഞുനിൽക്കുന്ന ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ അതിസമ്പന്നനാണ് അദ്ദേഹം. ഏറെക്കാലം രാജ്യത്തെയും ഏഷ്യാ വൻകരയിലെയും അതി സമ്പന്നനായിരുന്നു അദ്ദേഹം. ഈയടുത്താണ് അദ്ദേഹത്തെ മറികടന്ന് ഗൗതം അദാനി ഒന്നാം സ്ഥാനം നേടിയത്.
സമ്പത്ത് എന്നാൽ മുകേഷ് അംബാനി എന്ന നിലയിലേക്ക് ഇന്ത്യ ചിന്തിച്ച ഒരു കാലമുണ്ടായിരുന്നു. സമ്പത്തിന്റെ അവസാനവാക്ക് ആയിരുന്നു ഇന്ത്യക്കാർക്ക് മുകേഷ് അംബാനി. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ജീവിതരീതിയും ഈ പണമെല്ലാം അദ്ദേഹം എന്ത് ചെയ്യുന്നു എന്ന് അറിയാനുള്ള കൗതുകവും ജനങ്ങളിൽ നിറഞ്ഞുനിന്നു.
മുംബൈയിൽ അദ്ദേഹം പണിത ആന്റിലിയ എന്ന ബഹുനില വീടും അവിടുത്തെ ജീവനക്കാരും അവരുടെ വേതനവും അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്നും വാർത്തകളിൽ നിറഞ്ഞ് നിന്നു. അറുന്നൂറിലേറെ ജീവനക്കാരാണ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ഉള്ളത്. ഇവിടത്തെ പാചകക്കാരുടെ മാസ ശമ്പളം രണ്ട് ലക്ഷം രൂപയാണ്.
ഇവർക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ആരോഗ്യ ഇൻഷുറൻസും അടക്കം നിരവധി ആനുകൂല്യങ്ങൾ ഉണ്ട്. ചില പാചകക്കാർക്ക് രണ്ട് ലക്ഷത്തിൽ കൂടുതൽ രൂപ മാസശമ്പളം ലഭിക്കുന്നുണ്ട്. പാചകക്കാർക്കായി ഒരു മാനേജർ ഉണ്ട്. അദ്ദേഹത്തിന്റെ ശമ്പളം അഞ്ച് ലക്ഷം രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വീട്ടിലെ എല്ലാ നിലയിലും ഒരു മാനേജർ വീതം കാര്യങ്ങളോട് മേൽനോട്ടച്ചുമതല വഹിക്കുന്നുണ്ട്.