തിരുവനന്തപുരം: സർക്കാർ ഉത്തരവിനെതിരെ വാട്സ് ആപിൽ പ്രചാരണം നടത്തിയ റനവ്യു വകുപ്പിലെ സീനിയർ ക്ലാർക്കിന് സസ് പെൻഷൻ. തിരുവനന്തപുരം എൽ.എ (ജനറൽ) സ്പെഷ്യൽ ഹസിൽദാരുടെ കാര്യാലയത്തിലെ സീനിയർ ക്ലാർക്കായ എ. ഷാനവാസിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് റവന്യൂ വകുപ്പ് സസ്പെന്റ് ചെയ്തത്.
സർക്കാർ ഉത്തരവുകളെ അവഹേളിക്കുന്ന രീതിയിൽ കുറിപ്പ് ഇടുന്നതായി കണ്ടെത്തിയതിനെത തുടർന്നാണ് നടപടി. റവന്യൂവിലെ ഉദ്യോഗസ്ഥൻ വകുപ്പിന്റെ തന്നെ ഉത്തരവിനെതിരെ നിരന്തരം പ്രചാരണം നടത്തുന്ന നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇതിന് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
–
ഷാനവാസ് അഡ്മിൻ ആയ വാട്സ്ആപ്ഗ്രൂ പ്പിൽ സർക്കാർ ഉത്തരവിനെ ആധാരമാക്കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയിൽ തുടർച്ചയായി രണ്ട് സർക്കാർ വിരുദ്ധ പോസ്റ്റുകൾ ഇട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
അച്ചടക്ക നടപടിയുടെ ഭാഗമായി കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ ചട്ടപ്രകാരം നേരിൽ കേട്ടതിന് ശേഷം ശിക്ഷാ നടപടിയിൽ ഇളവ് ചെയ്ത് അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവിറക്കിയ വിഷയമാണ് ഷാനവാസ് ഗ്രൂപ്പിൽ പരാമർശിച്ചത്. സർക്കാരിന്റെ അർധ ജുഡീഷ്യൽ സ്വഭാവമുള്ള അച്ചടക്ക നടപടി തീർപ്പാക്കലിനെ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ചോദ്യം ചെയ്യുന്നതും വിമർശിക്കുന്നതും സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ അച്ചടക്ക ലംഘനമാണ്.
ഷാനവാസ് ഈ അച്ചടക്ക നടപടിയിലെ കക്ഷിയല്ല. അതിനാൽ ഇത് സംബന്ധിച്ച് അഭിപ്രായം പറയുന്നതിനോ കോടതിയെ സമീപിക്കുന്നതിനോ ഷാനവാസിന് അവകാശമില്ല. സർക്കാരിനെതിരായും വിശേഷിച്ച് റവന്യൂ വകുപ്പിനെതിരായും റവന്യു ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയിലും ഇത്തരം സന്ദേശങ്ങൾ ഷാനവാസ് സമാനമായ ഗ്രൂപ്പുകളിൽ നിരന്തരം പങ്ക് വെക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
റവന്യൂ ഉദ്യോഗസ്ഥരുടെ സമാനമായ നിരവധി ഗ്രൂപ്പുകളുടെ അഡ്മിനായി ഷാനവാസ് ചിതറ എന്ന പേരിൽ അദ്ദേഹം പ്രവർത്തിക്കുന്നുവെന്നും അതിലെല്ലാം വകുപ്പിന്റെയും സർക്കാരിന്റെയും ഉത്തരവുകളെ അവഹേളിക്കുന്ന രീതിയിൽ പോസ്റ്റ് ഇടുന്നതായും കണ്ടെത്തിയെന്നും ഉത്തരവിൽ പറയുന്നു.