യു.എസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെടുന്ന ഒരു പുതിയ വാട്ട്‌സ്ആപ്പ് തട്ടിപ്പിന്‍റെ റിപ്പോർട്ടുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. ആളുകളെ വിളിക്കാനും കബളിപ്പിക്കാനും അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പറുകൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതായാണ് പുതിയ കണ്ടെത്തൽ. ഈ തട്ടിപ്പുകാർ, മേലധികാരികൾ അല്ലെങ്കിൽ സഹപ്രവർത്തകർ, ചിലപ്പോൾ വൻകിട കമ്പനികളുടെ സീനിയർ എക്‌സിക്യൂട്ടീവുകൾ എന്നിങ്ങനെ ജോലിയിൽ നിന്നുള്ള പ്രധാനപ്പെട്ട ആളുകളായി നടിച്ചാണ് തട്ടിപ്പിന് പദ്ധതിയിടുന്നത്. പലയാളുകൾക്കും ഇത്തരത്തിൽ സന്ദേശങ്ങളും കോളുകളും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഐ.എ.എൻ.എസ് റിപ്പോർട്ട് അനുസരിച്ച് ഒരു നഗരത്തിലെ ഒരു വലിയ മീഡിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് ഇത്തരം വ്യാജ അന്താരാഷ്ട്ര കോളുകൾ പലതും ലഭിച്ചിരുന്നത്. ഉന്നത ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് വിളിച്ചവർ സംസാരിച്ചു തുടങ്ങാൻ ആവശ്യപ്പെട്ടു. ‘ഇത് കാണുമ്പോൾ എനിക്ക് മറുപടി നൽകുക. നന്ദി’ തുടങ്ങിയ സന്ദേശങ്ങളും തട്ടിപ്പുകാർ അയച്ചു. ഈ സന്ദേശങ്ങൾ ഉന്നത മേധാവികളിൽ നിന്നുള്ളതാണെന്ന വിധത്തിലാണ് അയച്ചത്. ജോർജിയയിലെ അറ്റ്‌ലാന്‍റ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോ +1 (773) എന്നിങ്ങനെ സ്ഥലങ്ങളിലെ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകൾ ദൃശ്യമായത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി അനാവശ്യ കോളുകൾ കാരണം ഇന്ത്യയിലെ നിരവധി ആളുകൾ ആശയക്കുഴപ്പത്തിലായിരുന്നു. ഈ കോളുകൾ ആളുകളുടെ പണം നഷ്‌ടപ്പെടുകയോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യുന്ന ആശങ്കയിലേക്ക് നയിച്ചിരുന്നു. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നാണ് ആളുകൾക്ക് ഈ കോളുകൾ ലഭിച്ചത്. അവർക്ക് പരിചയമില്ലാത്ത ആളുകളിൽ നിന്ന് വിചിത്രമായ സന്ദേശങ്ങളും ലഭിച്ചു. ആവശ്യമില്ലാത്ത ഇത്തരം സന്ദേശങ്ങൾ ആശങ്കയും ബുദ്ധിമുട്ടും സൃഷ്ട്ടിക്കുകയും ചെയ്തു. ഇന്ത്യയിൽ ഏകദേശം 500 ദശലക്ഷം ആളുകളാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ദിനം പ്രതി നിരവധി ആളുകളും പല സൈബർ തട്ടിപ്പുകൾക്കും ഇരയാവുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന് തോന്നിക്കുന്ന കോളുകളും വന്നിരുന്നു. അവയിൽ പലതും ആരംഭിച്ചത് +251 (എത്യോപ്യ), +62 (ഇന്തോനേഷ്യ), +254 (കെനിയ), +84 (വിയറ്റ്നാം) തുടങ്ങിയ ടെലഫോൺ കോഡുകളിലാണ്. ഇത് കൂടാതെ മറ്റൊരു തട്ടിപ്പും നടക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി ഇന്ത്യയിൽ ചിലർക്ക് വ്യാജ ജോലി വാഗ്‌ദാനം ലഭിക്കുന്നുണ്ട്. ഇത്തരം ചതിക്കുഴികളിൽ വീഴാതെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. വാട്ട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് ഐഡന്‍റിറ്റികൾ പരിശോധിച്ചുറപ്പിക്കുക.
ടു ഫാക്ടർ ഓതന്‍റിഫിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുക, ലിങ്കുകളിൽ ജാഗ്രത പാലിക്കുക, സ്പാം തടയുക/റിപ്പോർട്ട് ചെയ്യുക, ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നടപടികൾ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനായി സ്വീകരിക്കാം. പൊതുവായ തട്ടിപ്പുകളെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുക. സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുക. കുടുംബവുമായി സുരക്ഷാ നടപടികളെപ്പറ്റി അവബോധം സൃഷ്ടിക്കുക. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. പൊതു വൈഫൈയിൽ സെൻസിറ്റീവ് പ്രവർത്തനങ്ങൾ ഒഴിവാക്കുക. അനധികൃത ഇടപാടുകൾക്കായി അക്കൗണ്ടുകൾ പതിവായി അവലോകനം ചെയ്യുക.