വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുമായി (Whatsapp New Feature) എത്തിയിരിക്കുകയാണ്. ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വീണ്ടെടുക്കാൻ പുതിയ അപ്ഡേറ്റ് വഴി സാധിക്കും. നിരവധി അപ്ഡേറ്റുകളാണ് വാട്ട്സ്ആപ്പ് കൊണ്ടുവരുന്നത്. വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിൽ നിരോധിക്കപ്പെട്ടവർക്ക് അവരുടെ ആക്സസ് വീണ്ടെടുക്കാൻ പുതിയ ഫീച്ചറിന് കഴിയും. വാട്ട്സ്ആപ്പ് ബീറ്റാഇൻഫോയാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.
വാട്ട്സ്ആപ്പിന്‍റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് നിലവിൽ വാട്ട്സ്ആപ്പ് നിരോധിക്കുന്നത്. എല്ലാ മാസവും ആപ്പിന്‍റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത അക്കൗണ്ടുകളാണ് വാട്ട്സ്ആപ്പ് നിരോധിക്കുന്നത്. ഇത്തരത്തിൽ 10 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഓരോ മാസവും നിരോധിക്കപ്പെടുന്നത്.
വാട്ട്സ്ആപ്പ് നിരോധിക്കുന്ന അക്കൗണ്ടുകളിലേക്ക് പിന്നെ ഉപയോക്താക്കൾക്ക് പ്രവേശനം ഉണ്ടാകില്ല. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഇതറിയാൻ കഴിയും. ‘ഈ അക്കൗണ്ട് ഉപയോഗിക്കാൻ അനുവാദമില്ല’ എന്ന നോട്ടിഫിക്കേഷൻ വാട്ട്സ്ആപ്പ് ആദ്യം തന്നെ അയയ്ക്കും. സ്പാം , സ്കാം അക്കൗണ്ടുകളൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ലോഗിൻ ചെയ്യാനുള്ള ശ്രമം നടത്തുമ്പോൾ തന്നെ വാട്സാപ് സപ്പോർട്ടുമായി ബന്ധപ്പെടാനുള്ള ഓപ്ഷൻ കാണിക്കും. അക്കൗണ്ട് തിരിച്ചെടുക്കാനുള്ള മാർഗനിർദേശങ്ങൾ അറിയാനായി വാട്ട്സ്ആപ്പിന്‍റെ ഹെൽപ് പേജ് സന്ദർശിക്കണം.
വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ആപ്പിനുള്ളിലെ നിരോധിത അക്കൗണ്ടുകൾക്കായുള്ള റിവ്യൂ ഓപ്‌ഷൻ കാണിക്കുന്നത്. അത് സെലക്ട് ചെയ്താൽ ‘അവരുടെ സേവന നിബന്ധനകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി വാട്ട്സ്ആപ്പ് സപ്പോർട്ട് ടീം ഉപയോക്താവിന്റെ അക്കൗണ്ടും ഹാൻഡ്സെറ്റ് വിവരങ്ങളും റിവ്യൂ ചെയ്യും.
റിവ്യൂ ചെയ്യാനായി നൽകുന്ന റിക്വസ്റ്റിനൊപ്പം കൂടുതൽ വിവരങ്ങളും കൈമാറേണ്ടതുണ്ട്. അബദ്ധത്തിൽ നിരോധിച്ചതായി റിവ്യൂവിൽ ബോധ്യപ്പെട്ടാൽ അക്കൗണ്ട് തിരിച്ച് സ്ഥാപിക്കപ്പെട്ടേക്കാം. നിയമലംഘനം കണ്ടെത്തിയാൽ അക്കൗണ്ട് തിരികെ ലഭിക്കില്ല. പിന്നെ അക്കൗണ്ട് എടുക്കാനും ആകില്ല. വരും ആഴ്ചകളിൽ ഐഒഎസ് ഉപയോക്താക്കൾക്കും ഈ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.