വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വിഡിയോക്ക് ക്വാളിറ്റി കുറയുന്നതായി തോന്നിയിട്ടുണ്ടോ..? ഫോണിൽ പകർത്തിയതടക്കമുള്ള എച്ച്.ഡി വിഡിയോകൾ ആർക്കെങ്കിലും അയക്കുമ്പോൾ, അത് 480p അല്ലെങ്കിൽ എസ്.ഡി ക്വാളിറ്റിയിലേക്ക് വാട്സ്ആപ്പ് കംപ്രസ് ചെയ്യും. എന്നാൽ, ഇനി വാട്സ്ആപ്പിൽ വിഡിയോകൾ ക്വാളിറ്റി കുറയാതെ തന്നെ സെന്റ് ചെയ്യാൻ കഴിയും.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വാട്സ്ആപ്പ്, ചിത്രങ്ങൾ എച്ച്.ഡി ഫോർമാറ്റിൽ അയക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചത്. ഇപ്പോഴിതാ വിഡിയോകളും അത്തരത്തിൽ അയക്കാനുളള സവിശേഷതയും മെറ്റയുടെ സന്ദേശമയക്കൽ ആപ്പിലേക്ക് എത്താൻ പോവുകയാണ്.
720p എന്ന ക്വാളിറ്റിയിലാകും വിഡിയോകൾ അയക്കാൻ സാധിക്കുക. വിഡിയോ തെരഞ്ഞെടുത്തതിന് ശേഷം മുകളിലായി കാണുന്ന എച്ച്.ഡി ബട്ടൺ സെലക്ട് ചെയ്താൽ ക്വാളിറ്റി ചോരാതെ വിഡിയോ ആവശ്യക്കാർക്ക് അയക്കാം. ചിത്രങ്ങളും ഇതേ രീതിയിലാണ് അയക്കാൻ സാധിക്കുക. എച്ച്.ഡിയിൽ അയക്കുന്ന വിഡിയോക്ക് എച്ച്.ഡി ബാഡ്ജും വാട്സ്ആപ്പ് നൽകും. ഈ ഫീച്ചർ ലഭിക്കാനായി വാട്സ്ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്താൽ മതിയാകും.