താരതമ്യേന പഴയ ഐഫോണുകളില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചാറ്റ് സംവിധാനമായ വാട്‌സാപ് ഒക്ടോബർ 24 ന് ശേഷം (ദീപാവലിക്ക് ശേഷം) പ്രവര്‍ത്തിക്കാതാകുമെന്ന് റിപ്പോര്‍ട്ട്. വാട്‌സാപില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന വാബിറ്റാഇന്‍ഫോ ഇക്കാര്യത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഇപ്പോള്‍ത്തന്നെ വാട്‌സാപ് ഇക്കാര്യം മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്‌സാപ് പ്രവര്‍ത്തിക്കാതാകുക.
∙ ഏത് ഐഫോണ്‍ മോഡലുകളെയാണ് ബാധിക്കുക?
ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്ന ഐഫോണ്‍ 5എസ്, 6, 6 പ്ലസ് തുടങ്ങിയ മോഡലുകള്‍ക്കായിരിക്കും പ്രശ്‌നം വരിക. സന്തോഷ വാര്‍ത്ത എന്താണെന്നു ചോദിച്ചാല്‍, ഫോണുകള്‍ അപ്‌ഡേറ്റു ചെയ്താല്‍ മാത്രം മതിയാകും പ്രശ്‌നം തീരാന്‍ എന്നതാണ്. അതേസമയം, ഐഫോണ്‍ 5ല്‍ പുതിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞാല്‍ വാട്‌സാപ് പ്രവര്‍ത്തിക്കില്ല.
∙ മറ്റു മോഡലുകളുടെ കാര്യത്തില്‍ എന്തു ചെയ്യാം?
ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകള്‍ക്കൊപ്പമാണ് ഐഒഎസ് 10 പുറത്തിറക്കിയത്. ചിലർ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാറില്ല. അങ്ങനെയുള്ളവര്‍ക്ക് പുതിയ അപ്‌ഡേറ്റുകള്‍ ഉണ്ടോ എന്നു നോക്കാം. ഉദാഹരണത്തിന് ഐഫോണ്‍ 5എസ്, 6, 6 പ്ലസ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഐഒഎസ് 12.5.6 വരെയുള്ള അപ്‌ഡേറ്റുകള്‍ എടുക്കാം. അതുപോലെ, ഐഫോണ്‍ X, 8, 8 പ്ലസ് മോഡലുകളുടെയും തുടക്കം ഐഒഎസ് 11ല്‍ ആണ്. ഈ മോഡലുകള്‍ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാല്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരുടെ ഫോണുകളിലും വാട്‌സാപ് പ്രവര്‍ത്തനം നർത്തുമെന്നാണ് സൂചന.
∙ ചെയ്യേണ്ടത് എന്ത്?
ഐഫോണുകളില്‍ സെറ്റിങ്‌സ്>ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുക.
∙ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
വാട്‌സാപ് അടക്കമുള്ള ആപ്പുകളെല്ലാം കാലാകാലങ്ങളില്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കും. ചില പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുമ്പോള്‍ പഴയ സോഫ്റ്റ്‌വെയറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നതാണ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ കാലഹരണപ്പെടാന്‍ കാരണം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് നടക്കുന്നു. അതു കൂടാതെ പഴയ സോഫ്റ്റ്‌വെയര്‍ വളരെ കുറച്ചുപേരെ ഉപയോഗിക്കുന്നുണ്ടാകൂ എന്നതിനാല്‍, അതുകൂടി സപ്പോര്‍ട്ടു ചെയ്യേണ്ട കാര്യമില്ലെന്നും കമ്പനികള്‍ തീരുമാനിക്കുന്നു.
ഒരു പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഐഫോൺ 12, ഐഫോൺ 13 എന്നിവയ്ക്ക് മികച്ച ഡീലുകളും കിഴിവുകളും ലഭ്യമാണ്.