മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുകള്‍ കൊണ്ടുവരുന്നു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന (Block Unknown Account Messages) സംവിധാനമാണ് ഇതിലൊന്ന്. ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ ലഭിച്ചുകഴിഞ്ഞു. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകളില്‍ നിന്ന് യൂസര്‍മാരെ സംരക്ഷിക്കുന്ന ഫീച്ചര്‍ ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. എന്നാല്‍ ഇതിനായി സെറ്റിംഗ്‌സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്യേണ്ടതുണ്ട്. വാട്‌സ്ആപ്പ് മെനുവിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ‘പ്രൈവസി-അഡ്വാന്‍സ്‌ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാം. നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിനൊപ്പം, ഡിവൈസിന്‍റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് വാട്‌സ്ആപ്പിന്‍റെ വിശദീകരണം. എന്നാല്‍ വെറുതെയങ്ങ് അപരിചിതമായ നമ്പറില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല എന്നും മനസിലാക്കുക. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ കുമിഞ്ഞുകൂടിയാലേ ഈ ഫീച്ചര്‍ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. സ്‌പാം മെസേജുകള്‍ വാട്‌സ്ആപ്പ് ഉപയോഗം ക്ലോശകരമാക്കുന്നതിന് തടയിടാന്‍ പുത്തന്‍ ഫീച്ചറിനായേക്കും എന്ന് മെറ്റ കരുതുന്നു.
ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ആഗോളവ്യാപകമായി ഈ ഫീച്ചര്‍ വാട്‌സ്ആപ്പിലേക്കെത്താന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പമാണ് അണ്‍നോണ്‍ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്. ഈ മൂന്ന് ഫീച്ചറുകളും സ്‌മാര്‍ട്ട്ഫോണ്‍ ആപ്പില്‍ മാനുവലി ഇനാബിള്‍ ചെയ്‌ത് ഉപയോഗിക്കേണ്ടവയാണ്.