തിരുവനന്തപുരം : സംസ്ഥാനത്തെ മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡിന്റെ ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിർത്തി. ഈ ഇനം ഗോതമ്പിനെ ഇ പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത് ഇന്നലെ മുതൽ നീക്കി. ഇതു സംബന്ധിച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ ജില്ലാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
കഴിഞ്ഞ മാസം ഇതേ സ്കീമിൽ നൽകിയ ഗോതമ്പ് റേഷൻ കടകളിൽ സ്റ്റോക്കുണ്ട്. ഇതും വിതരണം ചെയ്യുന്നതു വിലക്കിയിരിക്കുകയാണ്. ഇതോടെ ഗോതമ്പ് കടകളിൽ ഉണ്ടെങ്കിലും മുൻഗണനാ കാർഡ് ഉടമകൾക്ക് ലഭിക്കാത്ത സാഹചര്യമാണ്. മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്കു വിതരണം ചെയ്യുന്ന ഗോതമ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു.