ലിംഗഭേദമില്ലാതെ ഉപയോഗിക്കുന്ന വസ്ത്രമാണ് ഷർട്ട്. ഏത് അവസരങ്ങളിലും ധരിക്കാവുന്ന വസ്ത്രമാണെങ്കിലും വാങ്ങാൻ പോകുമ്പോൾ ആണ് ബുദ്ധിമുട്ട് അനുഭവിക്കുക. ഒരുപാട് തിരഞ്ഞാലായിരിക്കും അനുയോജ്യവും മനസ്സിന് ഇണങ്ങിയതുമായ ഒന്ന് കണ്ടെത്താനാവുക. അതിൽ തെറ്റില്ല. ഇഷ്ടപ്പെട്ടതു ധരിച്ചാലേ ആത്മവിശ്വാസം തോന്നൂ. ഷർട്ട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. ശരീരത്തിന്റെ അളവ് കൃത്യമായി നമുക്ക് അറിയാമെങ്കിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ പെട്ടെന്ന് തിരഞ്ഞെടുക്കാനാവും. സ്മോൾ, മീഡിയം, ലാർജ്, എക്സ്ട്രാ ലാർജ് എന്നിങ്ങനെ വ്യത്യസ്ത അളവുകളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. എന്നാൽ ഇതെല്ലാം അറിഞ്ഞാലും ബ്രാൻഡുകൾക്ക് അനുസരിച്ച് ഷർട്ടുകളുടെ അളവിൽ വ്യത്യാസമുണ്ടാകുമെന്നും ഓർക്കുക. അതുകൊണ്ട് സമയമെടുത്ത് ഷർട്ട് പാകമാണ് എന്ന് ഉറപ്പാക്കി തിരഞ്ഞെടുക്കുക.
ഷർട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില സൂക്ഷ്മമായ കാര്യങ്ങളുണ്ട്. കൃത്യമായ സൈസ് നോക്കി ഷർട്ട് എടുത്താലും ചിലപ്പോഴൊക്കെ അളവുകൾ അൽപം കൂടുതലോ കുറവോ ആകാം. ഉദാഹരണത്തിന് പ്ലീറ്റുകളുള്ള ഷർട്ടാണെങ്കിൽ നമ്മൾ ചിന്തിക്കുന്ന അളവ് കൃത്യമാണെങ്കിലും പാകമാകില്ല. അധികം ടൈറ്റോ ലൂസ് ആകാത്ത ഷർട്ട് ആണു നല്ലത്. ഷർട്ടിന്റെ കോളർ പലപ്പോഴും ഷോപ്പ് ചെയ്യുമ്പോഴുള്ള നമ്മുടെ തീരുമാനങ്ങൾ തെറ്റിക്കും. സ്പ്രെഡ് കോളർ, കട്ട് എവേയ്സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോളർ സ്റ്റൈലുകൾ ഉണ്ട്. ഇതിൽ വലിയ കാര്യമില്ലെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഷർട്ടിന്റെ കോളർ വ്യക്തിയുടെ പഴ്സനൽ സ്റ്റൈലിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. കോളർ ഫിറ്റോ ലൂസോ ആകുന്നത് നമ്മുടെ മുഖത്തും നിഴലിക്കും. അതിനാൽ ഷർട്ട് തിരഞ്ഞെടുക്കുമ്പോൾ കഴുത്തിനും കോളറിനും ഇടയിൽ ഒരു വിരലിന്റെ വിടവ് ഉണ്ടെന്ന് ഉറപ്പാക്കുക.
ഷർട്ടിന്റെ ഫാബ്രിക് സ്റ്റൈലും പ്രധാനമാണ്.
ഹൈ ഫാബ്രിക് ഷർട്ടുകൾ പലർക്കും ഇഷ്ടമാകാറില്ല. അതുകൊണ്ട് ലൈറ്റർ ഫാബ്രിക് ഷർട്ടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അതുപോലെ പോളിസ്റ്റർ പോലുള്ള സിന്തറ്റിക് ഫാബ്രിക്കുകൾ ഒഴിവാക്കി കോട്ടനു മുൻഗണന നൽകാം. നോൺ അയൺ ഷർട്ടുകൾ അധികം ഉപയോഗിക്കാതിരിക്കാം. തുടക്കത്തിൽ സമയ ലാഭമായി തോന്നും. എന്നാൽ ഈ ഷർട്ടുകൾ ധരിക്കുന്നത് ശരീരത്തിലേക്കുള്ള വായു സഞ്ചാരം തടയുന്നു. ഇതു വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാൻ കാരണമാകും.വ്യത്യസ്ത നിറത്തിലുള്ള ഷർട്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഏതു സന്ദർഭത്തിൽ ധരിക്കുന്നു എന്നതിന് അനുസരിച്ചാവണം ഷർട്ടിന്റെ നിറം തീരുമാനിക്കേണ്ടത്. അതുപോലെ എങ്ങനെയുള്ള ഡിസൈനുകളാണ് വേണ്ടത് എന്നതും പ്രധാനപ്പെട്ടതാണ്. പകുതി താൽപര്യത്തോടെ ഏതെങ്കിലും ഡിസൈനുകളോ പ്രിന്റുകളോ തിരഞ്ഞെടുക്കരുത്.