ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേട്ടു. കേസിൽ തെളിവുകൾ പൂർണമായും നിരത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിസോദിയക്കെതിരെ ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്ത് തെളിവാണുള്ളതെന്നും കോടതി ചോദിച്ചു.ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് എസ്.വി.എൻ ഭട്ടിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാദം കേൾക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി.
“നിങ്ങൾ 100 കോടി, 30 കോടി എന്നിങ്ങനെ രണ്ടു കണക്കുകളാണ് പറയുന്നത്. ആരാണ് അവർക്ക് ഇത് നൽകിയത്? പണം നൽകുന്ന നിരവധി ആളുകൾ ഉണ്ടാകാം..! മദ്യവുമായി ബന്ധിപ്പിക്കണമെന്നില്ല. തെളിവ് എവിടെ? ദിനേഷ് അറോറ തന്നെയാണ് സ്വീകർത്താവ്. എവിടെയാണ്? തെളിവുകൾ? ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്തെങ്കിലും തെളിവുണ്ടോ, ജസ്റ്റിസ് ഖന്ന ചോദിച്ചു. കേസിൽ അറോറയ്ക്ക് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു.
അഴിമതിയില്‍ സിസോദിയക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ നിലവിലെ തെളിവുകള്‍ പര്യാപ്തമല്ല. മദ്യലോബിയില്‍ നിന്നും പണം ഒഴുകിയെന്ന് പറയുന്ന തെളിവുകളുടെ ശൃംഖല പൂര്‍ണമായി സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
മദ്യനയ കേസിൽ ഫെബ്രുവരി 26 ന് ആണ് സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് 26 ന് കേസിൽ ഇ.ഡിയും അറസ്റ്റ് രേഖപ്പെടുത്തി.