ക്വീൻസ്ലാൻഡ്: ചെറുബോട്ടിൽ കടലിൽ മീൻ പിടിച്ചുകൊണ്ടിരുന്ന യുവാവിനെ വാലിന് അടിച്ച് തെറിപ്പിച്ച് തിമിംഗലം. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് സംഭവം. ന്യൂ സൌത്ത് വെയിൽസിന്റെ അതിർത്തിയോട് ചേർന്നുള്ള കടലിലാണ് സംഭവം. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. നാൽപത് വയസ് പ്രായമുള്ളയാളെയാണ് തിമിംഗലം ചെറുബോട്ടിൽ നിന്ന് അടിച്ച് തെറിപ്പിച്ചത്. ബോട്ടിന് സമീപത്തായി തിമിംഗലം ഉള്ളതിന്റെ ചെറിയ സൂചന പോലും ആക്രമണത്തിന് ഇരയായ യുവാവിന് ലഭ്യമാകാത്ത രീതിയിലായിരുന്നു തിമിംഗലത്തിന്റെ ആക്രമണം.
ഉയർന്ന് തെറിച്ച് കടലിൽ വീണയാളെ സമീപത്തായി ജെറ്റ് സ്കീയിൽ സഞ്ചരിച്ചിരുന്നയാളുകളാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൂളാംഗറ്റയിലെ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. കടലിൽ തെറിച്ച് വീണതിന് പിന്നാലെ അബോധാവസ്ഥയിലാണ് ഇയാളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ജെറ്റ് സ്കീയിലുണ്ടായിരുന്നവർ ഇവരുടെ പക്കലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് യുവാവിനെ ധരിപ്പിച്ച ശേഷം യുവാവിനെ കരയിലേക്ക് എത്തിക്കുകയായിരുന്നു. മുഖത്തും നടുവിനും ഗുരുതര പരിക്കുകളാണ് തിമിംഗലത്തിന്റെ ആക്രമണത്തിൽ ഇയാൾക്ക് സംഭവിച്ചിട്ടുള്ളത്.
നേരത്തെ ജൂലൈ അവസാന വാരത്തിൽ ന്യൂ ഹാംപ്ഷെയറിലും ചെറിയ ബോട്ടുകൾക്ക് നേരെ തിമിംഗലത്തിന്റെ ആക്രമണമുണ്ടായിരുന്നത്. 23 അടി നീളമുള്ള ചെറു ബോട്ടിന് നേരെയാണ് കൂനൻ തിമിംഗലത്തിന്റെ ആക്രമണമുണ്ടായത്. സമുദ്ര നിരപ്പിൽ നിന്ന് ഉയർന്ന ശേഷം ചെറുബോട്ടിനെ തലകീഴായി മറിച്ചുകൊണ്ടാണ് തിമിംഗലം സമുദ്രത്തിലേക്ക് തിരികെ പതിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.