ആലപ്പുഴ: മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. സംഭവം അമ്പലപ്പുഴ കണ്ടംചേരിയിലാണ്. 90 വയസുകാരി ഗൗരിയുടെ ചെവിയാണ് പാതി അറ്റു പോയത്. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകൾ കുത്തിത്തുറന്ന് മുറിക്കുള്ളിൽ എത്തിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതിൽ കിടന്ന കമ്മലുകൾ പറിച്ചെടുക്കുകയായിരുന്നു.
ഇതിനിയിൽ വൃദ്ധയുടെ ചെവി ഭാഗം അറ്റുപോയി. വൃദ്ധ ബഹളം വെച്ചതിന് തുടർന്ന് മോഷ്ടാവ് മതിൽ ചാടി ഓടി രക്ഷപ്പെട്ടു. വൃദ്ധയെ ആദ്യം അമ്പലപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധന നടത്തി വരികയാണ്.