മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. ഒരു നിമിഷം വൈകാതെ വനിതാ കമ്മീഷന്‍ കേസെടുക്കാന്‍ തയ്യാറാകണമെന്ന് ഉമാ തോമസ് വ്യക്തമാക്കി. അനുവാദമില്ലാതെ ഒരു സത്രീയുടെ ദേഹത്ത് കൈ ഉയര്‍ത്താന്‍ ആരാണ് അനുവാദം നല്‍കിയത്. തടഞ്ഞിട്ടും വീണ്ടും കൈ ഉയര്‍ത്താന്‍ ധൈര്യം വന്നത് എങ്ങനെയാണ്. മാപ്പ് പറഞ്ഞാല്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ മാനസിക വിഷമം മാറും എന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടതെന്നും ഉമാ തോമസ് വിമർശിച്ചു. തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുകയും, കേസെടുക്കുകയും ചെയ്യുന്ന ‘സെലക്ക്റ്റീവ് അംനീഷ്യ’ ബാധിച്ച കേരള വനിതാ കമ്മീഷന്‍ സംഭവം അറിഞ്ഞ മട്ടില്ലെന്നും ഉമാ തോമസ് കുറ്റപ്പെടുത്തി.
ഉമാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം–
മീഡിയ വണ്‍ ജേര്‍ണലിസ്റ്റ് ഷിദ ജഗത്തിനെതിരെ സുരേഷ് ഗോപി നടത്തിയത് അത്യന്തം മ്ലേച്ഛകരമായ സംഭവമാണ്.
അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ദേഹത്തു തൊടാന്‍ ആരാണ് അദ്ദേഹത്തിന് അനുവാദം നല്‍കിയത് ?
ഷിദ ഒരു തവണ തടഞ്ഞിട്ടും വീണ്ടും കൈ ഉയര്‍ത്താന്‍ ധൈര്യം വന്നത് എങ്ങനെയാണ് ?
‘തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുകയും, കേസെടുക്കുകയും ചെയ്യുന്ന ‘സെലക്ക്റ്റീവ് അംനീഷ്യ’ ബാധിച്ച കേരള വനിതാ കമ്മീഷന്‍ സംഭവം അറിഞ്ഞ മട്ടില്ല..
മാപ്പ് പറഞാല്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ മാനസിക വിഷമം മാറും എന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടത്.
പൊതു സമൂഹത്തിന് മുന്നില്‍ തന്നെ ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് ആണ് ഇത് സംഭവിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്
തന്റെ ദേഹത്ത് വെച്ച കൈ ആ കുട്ടി തട്ടിമാറ്റിയത് കണ്ടപ്പോള്‍ അഭിമാനമാണ് തോന്നിയത്,
നിയമ നടപടിയ്‌ക്കൊരുങ്ങുന്ന
മാധ്യമ പ്രവര്‍ത്തകയക്ക് എന്റെ എല്ലാ പിന്തുണയും ഐക്യദാര്‍ഢ്യവും..
ഒരു നിമിഷം വൈകാതെ സ്വയമേധാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറാകണമെന്നാണ് എനിയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.