തിരുവനന്തപുരം : വിലക്കയറ്റം നിയന്ത്രിക്കാൻ തെങ്കാശിയിലെ കർഷകരിൽ നിന്നു നേരിട്ടു പച്ചക്കറി എത്തിച്ചിട്ടും സംസ്ഥാനത്തു പച്ചക്കറിവില പിന്നെയും ഉയരുന്നു. പൊതുവിപണിയിൽ ഇന്നലെ കത്തിരിക്ക വില കിലോഗ്രാമിനു 120 രൂപയായി. വഴുതന 110, കാപ്സിക്കം 100, കോവയ്ക്ക 130 എന്നിങ്ങനെയാണ്. ഹോർട്ടികോർപ് വിൽപനശാലകളിൽ കത്തിരിക്കയ്ക്കും വഴുതനയ്ക്കും 100 രൂപ വീതമാണു വില. പൊതുവിപണിയിൽ ചെറിയ മുളകിന് 110 രൂപയും വലിയ മുളകിന്(തൊണ്ടൻ മുളക്) 400 രൂപയുമാണ്. മുരിങ്ങക്കായ 280 രൂപ. ബീറ്റ്‍റൂട്ട് 100 രൂപ.
ഇടനിലക്കാരെ ഒഴിവാക്കിയാണു തെങ്കാശിയിലെ കർഷകരിൽ നിന്നു ഹോർട്ടികോർപ് മുഖേന പച്ചക്കറികൾ കേരളത്തിലെത്തിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്. ബുധനാഴ്ച മുതൽ ലോഡ് എത്തിയെങ്കിലും വിപണിയിൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ദിവസവും 8 മുതൽ 10.5 ടൺ വരെ പച്ചക്കറികളാണു തെങ്കാശിയിൽ നിന്നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എത്തിക്കുന്നത്. അടുത്തയാഴ്ച മുതൽ ഒന്നര ദിവസം ഇടവിട്ടാകും പച്ചക്കറി എത്തിക്കുക.