ബെംഗളുരു : തിളക്കമാർന്ന വിജയത്തിന്റെ ഒരു ദിവസത്തിന് ഇപ്പുറവും കർണാടകത്തിൽ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് തുടരുകയാണ്. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനം. വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും എന്നാണ് ഒടുവിലത്തെ വിവരങ്ങൾ. സിദ്ധരാമയ്യുടെ ജനപ്രീതിയും ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളും ഒരു പോലെ പരിഗണിച്ചാൽ എന്താകും തീരുമാനം, ടേം അടിസ്ഥാനത്തിൽ വീതം വയ്പ്പിലേക്ക് പോകുമോ, കൈ പൊളളിയ മുൻ അനുഭവങ്ങൾ മുന്നിൽ നിൽക്കെ അതിന് തയ്യാറാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
ബെംഗളുരുവിൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നിൽ നാടകീയ രംഗങ്ങളാണ് ഇന്നലെ വൈകിട്ട് അരങ്ങേറിയത്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമായി ഇരുചേരിയായി തിരിഞ്ഞ് അണികൾ മുദ്രാവാക്യം വിളികളുയര്‍ത്തി. യോഗത്തിൽ സിദ്ധരാമയ്യക്കാണ് മുൻതൂക്കമെന്നാണ് സൂചന. ഡികെയും സിദ്ധരാമയ്യ ദില്ലിയിലേക്ക് പോയേക്കും. കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. സസ്പെൻസുകൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.