ഗുരുഗ്രാം: ഹരിയാനയില്‍ കഫേയ്ക്ക് മുന്നില്‍ കാര്‍ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സിവില്‍ എഞ്ചിനീയറായ യുവാവിനെ ഒരു സംഘം വെടിവെച്ച് വീഴ്ത്തി. സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗുരുഗ്രാമിലെ സോഗ്ന മേഖലിയിലാണ് സംഭവം. ഗൗതം ഖതാന എന്ന സിവില്‍ എഞ്ചീനിയര്‍ക്കാണ് വെടിയേറ്റത്. മദ്യ ലഹരിയിലായിരുന്നു അക്രമി സംഘമെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് സോഹ്‌ന മേഖലയിലെ ഒരു കഫേയ്ക്ക് മുന്നില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. ‘താൻ ഒരു കഫേയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ 10-ലധികം ആളുകൾ അടുത്തുവന്നു, കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി എന്നോട് വഴക്കിട്ടു. പ്രകോപിതരായ സംഘത്തിലെ രണ്ട് പേര്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു- ഗൗതം ഖതാന പരാതിയിൽ പറയുന്നു.
സംഘത്തിലുള്ളവരെല്ലാം മദ്യ ലഹരിയിലായിരുന്നു. ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആരു പറഞ്ഞു, ഇത് ഞങ്ങളുടെ വാഹനം മാത്രം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ് എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു. രണ്ടു പേരുടെ കൈയ്യില്‍ തോക്കുകളുണ്ടായിരുന്നു. മറ്റ് വാഹനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് താന്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ മര്‍ദ്ദിച്ച ശേഷം തനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു- ഗൗതം ഖതാന വിശദീകരിക്കുന്നു.
വെടിവെപ്പിന് ശേഷം അക്രമി സംഘം കാറിന് കേടുപാടുകള്‍ വരുത്തുകയും കഫേയില്‍ കയറി പണം തട്ടിയെടുത്തതായും പരാതിക്കാരന്‍ ആരോപിച്ചു. അതേസമയം വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം വാഹനങ്ങളില്‍ രക്ഷപ്പെട്ടു. പരിശോധനയില്‍ പ്രദേശത്ത് നിന്നും രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എഞ്ചിനീയറുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും കഫേയ്ക്കു മുന്നിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.