ജനീവ : ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പില്‍ മഹാമാരി കലാശപ്പോരിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോണ്‍ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ യൂറോപ്പില്‍ ഒമിക്രോണ്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാല്‍ കുറെ ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകില്‍ വാക്സീന് അല്ലെങ്കില്‍ രോഗബാധമൂലമുള്ള പ്രതിരോധശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്റെ തിരിച്ചിറക്കം തുടങ്ങും.
ഇനി ഈ വര്‍ഷം അവസാനമാണ് കോവിഡ് തിരിച്ചുവരാന്‍ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘മഹാമാരിയെക്കുറിച്ചും ഭാവിയിലെ ആശങ്കയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഈ വൈറസ് നമ്മെ ഒരിക്കല്‍ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു കരുതിയിരിക്കണം’- ഹാന്‍സ് ക്ലൂഗ് പറഞ്ഞു. ലോകോരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയില്‍ 53 രാജ്യങ്ങളാണുള്ളത്. മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 15 ശതമാനം ഒമിക്രോണ്‍ വകഭേദം മൂലമാണെന്നാണു ലോകോരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.