ആലപ്പുഴ: 20 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ വിരിഞ്ഞം കരയിൽ ചരുവിള പുത്തൻവീട്ടിൽ രമേശ് (40) ആണ് പിടിയിലായത്. കൊല്ലകടവ് ചെറുവല്ലൂർ സ്വദേശിയെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി പരിക്കേൽപ്പിച്ചതിന് 2003ൽ വെണ്മണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലെ നാലാം പ്രതിയാണ് രമേശ്. ഇയാളെ കോടതി 2006ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2003ൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ വ്യത്യസ്തമായ പേരുകളിലും വിലാസത്തിലും ഒളിച്ചു ജീവിക്കുകയായിരുന്നു. സ്വദേശമായ ചാത്തന്നൂർ ഭാഗത്തു നിന്ന് വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ താമസം മാറി കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൊല്ലം പരവൂർ പൂതക്കുളം ഭാഗത്ത് നിന്നാണ് ഇപ്പോൾ പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഈ കേസിലെ മൂന്നാം പ്രതിയും ഇയാളുടെ സഹോദരനുമായ അജേഷ് ഇപ്പോൾ കൊല്ലം ജില്ലാ ജയിലിലാണ്. ഇരുവരും കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഏറെ നാളായി മുങ്ങി നടന്ന പ്രതിയെ കഴിഞ്ഞ ദിവസം കളമശേരി പൊലീസ് പിടികൂടിയിരുന്നു. ഇടപ്പള്ളി സൗത്ത് വെന്നല സെന്‍റ് മാത്യൂസ് പള്ളിക്ക് സമീപം പുറകേരിതുണ്ടി വീട്ടിൽ അൽജു (45) ആണ് പിടിയിലായത്. 2018 ഒക്ടോബറിൽ ആണ് അൽജു ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കളമശേരി ഗ്ലാസ്സ് ഫാക്ടറി കോളനിയിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ച് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.