ദില്ലി : കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിൻറെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും. തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നാണ് സൂചന. ഭരണത്തിനെതിരായ വികാരം എന്തു കൊണ്ട് ഉണ്ടായി എന്നതും പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിൻറെ നിർദ്ദേശം. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെക ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചുവെന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും സിസിയിലെ ചർച്ചയിൽ കൂടുതൽ അംഗങ്ങൾ ഇത് നിരാകരിച്ചു.കോൺഗ്രസ് കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചു.