നിങ്ങളുടെ വീട്ടിലോ തൊട്ടടുത്ത വീടുകളിലോ പ്രായമായവരുണ്ടെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയുള്ളൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രായമായവര്‍ രാവിലെ വളരെ നേരത്തെ എഴുന്നേല്‍ക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ചിലപ്പോള്‍ സൂര്യനുദിക്കും മുമ്പ് തന്നെ ഇവര്‍ എഴുന്നേറ്റിരിക്കും.
രാവിലെ വളരെ നേരത്തേ എഴുന്നേറ്റ് വീട്ടിലുള്ള മറ്റുള്ളവരെയോ കുട്ടികളെയോ എല്ലാം വിളിച്ചുണര്‍ത്തുന്നത് അധികവും പ്രായമായവര്‍ ആയിരിക്കും. ഇവര്‍ക്കിതെന്താ ഉറക്കവുമില്ലേ എന്ന് ദേഷ്യത്തോടെ പിറുപിറുക്കുന്ന കുട്ടികളും വീടുകളിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ എന്തുകൊണ്ടാണ് പ്രായമായവര്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് എന്നറിയാമോ? ഇതിന്‍റെ കാരണങ്ങളാണിനി വിശദീകരിക്കുന്നത്.
ശരീരത്തിന്‍റെ പ്രായം…
പ്രായമാകുന്നു എന്നത് ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളാണല്ലോ. ഈ മാറ്റങ്ങള്‍ പലപ്പോഴും നാം സ്വാഭാവികമായി ഉറങ്ങാൻ പോകുന്ന സമയത്തെയും ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്തെയുമെല്ലാം ബാധിക്കാം. തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് കാര്യമായും ഇതില്‍ സ്വാധീനം ചെലുത്തുന്നത്.
സൂര്യോദയം,സൂര്യാസ്തമയം എന്നിങ്ങനെയുള്ള പ്രകൃതിയിലെ പ്രതിഭാസങ്ങളുമായി നമ്മുടെ ശരീരം വളരെയധികം ബന്ധപ്പെട്ടാണ് കിടക്കുന്നത്. രാവിലെ നമുക്ക് സ്വാഭാവികമായി ഉറക്കമുണരാനും ഇരുട്ടാകുമ്പോള്‍ ഉറങ്ങാനുമെല്ലാം തോന്നുന്നത് ഈ പ്രകൃതിദത്തമായ ബന്ധത്തിന്‍റെ ഭാഗമായാണ്.
എന്നാല്‍ സമയത്തെ കുറിച്ച് ശരീരത്തിനുള്ള ഓര്‍മ്മകള്‍ തെറ്റിപ്പോകുന്നതോടെ, അല്ലെങ്കില്‍ ഇക്കാര്യത്തില്‍ അവ്യക്തത അനുഭവപ്പെടുന്നതോടെ രാത്രി നേരത്തെ കിടക്കാനും രാവിലെ നേരത്തെ ഉണരാനുമെല്ലാം ഇട വരുന്നു.
കാഴ്ചാപ്രശ്നങ്ങള്‍…
പ്രായമായവരില്‍ ഏറെയും കാണുന്ന പ്രയാസമാണ് കാഴ്ചക്കുറവ്. കാഴ്ചക്കുറവും ഒരു പരിധി വരെ സമയവുമായുള്ള നമ്മുടെ ബന്ധത്തെ സ്വാധീനിക്കുന്നു. ഇതും നേരത്തെ ഉറങ്ങുന്നതിലേക്കും നേരത്തെ എഴുന്നേല്‍ക്കുന്നതിലേക്കും നയിക്കുന്നു.
ചെയ്യാവുന്നത്…
പ്രായമായവര്‍ക്കാണെങ്കിലും രാവിലെ അത്ര നേരത്തെ എഴുന്നേല്‍ക്കണ്ട എന്നുണ്ടെങ്കില്‍ ആകെ ചെയ്യാവുന്നത് രാത്രിയിലെ ഉറക്കവും അതിന് അനുസരിച്ച് വൈകി ക്രമീകരിക്കലാണ്. നേരത്തെ ഉറക്കം തൂങ്ങുന്നതൊഴിവാക്കാൻ വൈകീട്ട് സൂര്യാസ്തമനത്തിന് മുമ്പായി ഒരു മണിക്കൂര്‍ നേരമെങ്കിലും നടക്കുകയോ പുറത്ത് എന്തെങ്കിലും ചെറിയ ജോലികള്‍ (പൂന്തോട്ട പരിപാലനം പോലെ) ചെയ്യുകയോ ആവാം.
ഈ സമയത്ത് വെളിച്ചമേല്‍ക്കുന്നത് പതിവാകുമ്പോള്‍ ശരീരം രാത്രിയിലേക്ക് ഇനിയും ദൂരമുണ്ട് എന്ന ബോധ്യത്തിലെത്തും. ഇത് ഉറക്കം നേരത്തെയാകുന്നത് തടയുകയും ചെയ്യും.