ന്യൂഡൽഹി∙ കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ജാമ്യാപേക്ഷ എതിർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കോടതിയുടെ രൂക്ഷവിമർശനം. എന്തുകൊണ്ടാണ് നടിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നും ആളുകളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ജാക്വിലിൻ ഫെർണാണ്ടസിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറഞ്ഞേക്കും. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
“ലുക്കൗട്ട് നോട്ടിസ് നൽകിയിട്ടും എന്തുകൊണ്ടാണ് നിങ്ങൾ ജാക്വിലിനെ അറസ്റ്റ് ചെയ്യാത്തത്? മറ്റു പ്രതികൾ ജയിലിലാണ്. എന്തിനാണ് ഒരു തിരഞ്ഞെടുക്കൽ നയം സ്വീകരിക്കുന്നത്?’’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി ചോദിച്ചു. നടി രാജ്യം വിടാൻ ശ്രമിച്ചു, അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചില്ലെന്ന് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ജാക്വിലിന്റെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് ഇഡി കോടതിയിൽ പറഞ്ഞത്.
‘‘ഞങ്ങളുടെ ജീവിതത്തിലുടനീളം 50 ലക്ഷം രൂപ ഞങ്ങൾ കണ്ടിട്ടില്ല, എന്നാൽ ജാക്വിലിൻ ഒരു രസത്തിനായി 7.14 കോടി രൂപ ധൂർത്തടിച്ചു. പണമുള്ളതിനാൽ എല്ലാ സാധ്യതകളും ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.”- ഇഡി കോടതിയിൽ വ്യക്തമാക്കി. ജാക്വിലിൻ രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ഇഡി നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ശ്രീലങ്കൻ സ്വദേശിനിയായ ജാക്വിലിൻ, 2009ലാണു ബോളിവുഡ് സിനിമയിലെത്തിയത്. കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖറുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നു വ്യക്തമായതിനെ തുടർന്ന്, ഇഡി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സുകാഷ് ചന്ദ്രശേഖറിൽനിന്ന് വിലകൂടിയ സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം. സുകാഷ് ചന്ദ്രശേഖർ തനിക്കായി സ്വകാര്യ ജെറ്റ് യാത്രകളും ഹോട്ടൽ താമസവും ക്രമീകരിച്ചിട്ടുണ്ടെന്നും നടി സമ്മതിച്ചിരുന്നു.
2017 മുതൽ ഡൽഹി ജയിലിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖർ, മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവീന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ് ഉൾപ്പെടെ പലരെയും വഞ്ചിച്ച് പണം തട്ടിയെന്നാണ് കേസ്.