തൃശൂർ: സി.പി.എമ്മിനും പിണറായി വിജയനും എതിരെ ശക്തമായി വിമർശനം ഉന്നയിക്കുന്ന കെ. സുധാകരനെ ഭയപ്പെട്ടിട്ടാണ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതെന്നും അതിന്‍റെ പേരിൽ സുധാകര കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജി വെക്കേണ്ട ആവശ്യെമന്താണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു. അങ്ങനെയാണെങ്കിൽ കേരളത്തിൽ ഇടതുമുന്നണിക്കെതിരെ പോരാട്ടം നടത്തുന്ന ഒരു നേതാവിനും സ്ഥാനത്ത് തുടരാൻ പറ്റില്ലെന്നും വേണുഗോപാൽ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കള്ളക്കേസിന്‍റെ പേരിൽ രാജിവെക്കേണ്ടതല്ല കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സുധാകരനെ പ്രസിഡന്‍റാക്കിയത് സർക്കാരുകളുടെയും അതിനെ നയിക്കുന്നവരുടെയും തെറ്റുകൾക്കെതിരെ പോരാടാനാണ്. അതുകൊണ്ട് രാജിയെക്കുറിച്ച് ചർച്ചയേയില്ല. ഇതൊരു വേട്ടയാണ്. തിരക്കഥയുണ്ടാക്കി അതിനനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ ചെയ്തുകൊടുക്കുന്ന ഉപകാര സ്മരണയാണ്. നരേന്ദ്ര മോദി കേന്ദ്രത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതിനെക്കാൾ കൂടുതലായി കേരളത്തിൽ ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കൾ പട്നയിൽ നടത്തിയ യോഗം രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് എതിരായ യോജിച്ച പോരാട്ടം ആസൂത്രണം ചെയ്യാനാണ് അവിടെ ഒത്തുചേർന്നത്. അതേസമയത്താണ് കേരളത്തിൽ, കോടതി മുൻകൂർ ജാമ്യം കൊടുത്ത കള്ളക്കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തത്. അത് നരേന്ദ്ര മോദിയെ സുഖിപ്പിക്കാൻ വേണ്ടി മാത്രമണാണ്. ഈ ആവേശം ബി.ജെ.പി പ്രസിഡന്‍റ് കേസിൽപ്പെട്ടപ്പോൾ പിണറായി വിജയൻ കാണിച്ചില്ലല്ലോ.
കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച, വ്യാജന്മാരെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന, വിദ്യാഭ്യാസ രംഗം കുളം തോണ്ടിയ സർക്കാരാണ്. സർക്കാരിന്‍റെ ഇത്തരം ചെയ്തികളെല്ലാം പുറത്ത് കൊണ്ടുവരികതന്നെ ചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു.