ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാൾ നല്ലത് ബി.ജെ.പി വോട്ട് ചെയ്യുന്നതാണെന്നുള്ള പരാമർശവുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. പ്രസംഗത്തിന്റെ ഭാഗങ്ങൾ തൃണമൂൽ പങ്കുവെച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്.
”ഇക്കുറി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാജ്യത്തെ മതേതരത്വം ഇല്ലാതാകും. തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതാണ്”, എന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം.
ബംഗാളിൽ ബി.ജെ.പിയുടെ ബി-ടീമാണ് ചൗധരി എന്നായിരുന്നു സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ പ്രതികരണം. ബി.ജെ.പിയുടെ കണ്ണും കാതുമായി പ്രവർത്തിച്ചുവന്നിരുന്ന ചൗധരി ഇപ്പോൾ ബി.ജെ.പിയുടെ ശബ്ദമായും മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ചൗധരിക്കുള്ള മറുപടി ജനം നൽകുമെന്നും മമത പറഞ്ഞു.
അതേസമയം വീഡിയോയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ്
എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. വീഡിയ കണ്ടിട്ടില്ലെന്നും അത്തരം പരാമർശം നടത്താനുണ്ടായ കാരണം എന്താണെന്നും തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.