ദില്ലി: ഭർത്താവിന്റെ സാമ്പത്തിക ശേഷിക്ക് അപ്പുറമായി നിരന്തരം സ്വപ്നങ്ങൾ നിറവേറ്റണമെന്ന ആവശ്യവുമായി എത്തുന്ന ഭാര്യമാർ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി കോടതി. ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള ആവശ്യങ്ങൾ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ദില്ലി ഹൈക്കോടതി വിശദമാക്കിയത്. ഭാര്യ ക്രൂരത കാണിക്കുന്നുവെന്ന് കാണിച്ച് ഭർത്താവ് സമർപ്പിച്ച വിവാഹ മോചന ഹർജി പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസൽ കൃഷ്ണ എന്നിവരുടെ നിരീക്ഷണം.
തങ്ങളുടെ സ്വപ്നങ്ങൾ ആവശ്യങ്ങളായി അവതരിപ്പിക്കുമ്പോൾ അവ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതയേക്കുറിച്ച് ബോധ്യം വേണമെന്നും സ്ഥിരമായി സാമ്പത്തിക പരിമിതിയേക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ഉചിതമല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. കുടുംബ കോടതിയിൽ നിന്ന് വിവാഹ മോചനം അനുവദിച്ച തീരുമാനത്തിനെതിരെ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പല വിധ സ്വപ്ന സാക്ഷാത്കാരത്തിനായി ഭാര്യമാർ ഭർത്താക്കന്മാരെ സമീപിക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു പരിധി കഴിയുന്നതോടെ ഇത് ഭർത്താക്കന്മാരിൽ ഗുരുതരമായ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
ഇത് ആരോഗ്യപരമായ ദാമ്പത്യ ജീവിതത്തെ ബാധിക്കുകയും ചെയ്യും. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത ഭാര്യയുടെ സ്വഭാവത്തേക്കുറിച്ചും ഭർത്താവ് ഹർജിയിൽ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബ കോടതിയുടെ തീരുമാനം ശരിവച്ചുകൊണ്ട് വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയും മുൻപുള്ള വിവാഹമോചനം ഹൈക്കോടതി അനുവദിച്ചത്.