നേമം : യുവാവിനെ ദുരൂഹസാഹചര്യത്തിൽ ഭാര്യവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്കൽചൂള സ്വദേശിയായ രാജേഷി(44)നെയാണ് തൃക്കണ്ണാപുരം ശാരദാനിവാസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ വീണയുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ തൃക്കണ്ണാപുരത്തെ വീട്ടിൽ കഴിഞ്ഞ കുറച്ചുനാളായി രാജേഷ് വരാറില്ലായിരുന്നു.
വെള്ളിയാഴ്ച രാത്രിയിൽ വീണ്ടും എത്തിയതാകാമെന്നു കരുതുന്നു. വീട്ടിലില്ലായിരുന്ന വീണയും മക്കളായ രുദ്രനും വൈഗയും ശനിയാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നു പറയുന്നു. വീണതന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.മരണത്തിൽ ദുരൂഹതയുള്ളതിനാൽ നേമം പോലീസിന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ദ്ധരും പോലീസ് നായയും പരിശോധന നടത്തി. വീണയുടെ രണ്ടാമത്തെ ഭർത്താവാണ് രാജേഷ്. ഇവർ തമ്മിൽ വഴക്കിടൽ പതിവാണെന്നും നേമം ഇൻസ്പെക്ടർ രഗീഷ് കുമാർ പറഞ്ഞു.
സിറ്റി പോലീസ് കമ്മിഷണർ സ്പർജൻകുമാർ, ഡി.സി.പി. അൻകിത് അശോകൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ്കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പരിശോധനയ്ക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.