തിരുവനന്തപുരം : പാലോട് വീട്ടമ്മ പ്രവാസിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഫോണ്‍ വിളിയെ ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന. പത്ത് ദിവസം മുന്‍പ് വിദേശത്ത് നിന്ന് മടങ്ങി എത്തിയ മുപ്പത്തിയേഴുകാരനായ ഷിജുവാണ് ഭാര്യ സൌമ്യയുടെ ആക്രമണത്തില്‍ ശിവരാത്രി ദിവസം കൊല്ലപ്പെട്ടത്. ഷിജുവിന്‍റെ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം സൌമ്യ ഷിജുവിന്‍റെ ഫോണ്‍ ഒളിപ്പിച്ച് വച്ചിരുന്നു. വൈകുന്നേരം ക്ഷേത്രത്തില്‍ പോയപ്പോള്‍ ഭര്‍ത്താവിന്‍റെ ഫോണും ഇവര്‍ കൊണ്ടുപോയി. എന്നാല്‍ ഷിജു ക്ഷേത്രത്തിലെത്തി ഫോണ്‍ സൌമ്യയില്‍ നിന്ന് ബലമായി പിടിച്ചുവാങ്ങി വീട്ടിലേക്ക് പോന്നു. ഇതോടെ ഷിജുവിന് മറ്റേതോ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ സംശയത്തിന് ബലം വച്ചു.
ഷിജുവിന് പിന്നാലെ വീട്ടിലെത്തിയ സൌമ്യ വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിനോട് ആരാണ് ഫോണിലെന്നപേരില്‍ തര്‍ക്കമുണ്ടായി. ഷിജു മറുപടി നല്‍ക്കാത്തത് സൌമ്യയെ പ്രകോപിതയാക്കി. പിന്നാലെ ഭര്‍ത്താവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. തിരികെ ഉത്സവ സ്ഥലത്ത് എത്തിയ സൌമ്യ തന്നെയാണ് ആക്രമണ വിവരം ബന്ധുക്കളെ അറിയിച്ചത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഷിജു സൌമ്യ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.