മംഗളൂരു ∙ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യ നൂതൻ കുമാരിയുടെ നിയമന ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കി. ദക്ഷിണ കന്നഡയിലെ സർക്കാർ സർവീസിലേക്കുള്ള നൂതന്‍റെ താത്ക്കാലിക നിയമനത്തിനുള്ള ഉത്തരവാണ് റദ്ദാക്കിയത്.കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതൻ കുമാരിക്ക് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളുരുവിലെ ഓഫിസിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്‍റായിട്ടായിരുന്നു നിയമനം.
പുതിയതായി അധികാരമേറ്റ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങൾ റദ്ദാക്കി. സാധാരണഗതിയിൽ സർക്കാർ മാറുന്ന വേളയിൽ താത്ക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകുന്നതിന് ആവശ്യപ്പെടുന്ന പതിവുണ്ട്. നൂതൻ കുമാരിയുടെ കാര്യത്തിൽ പ്രത്യേക പരിഗണനയൊന്നും നൽകിയില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2022 ജൂലൈ 26 നാണ് നൂതന്‍റെ ഭർത്താവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. കേസ് ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷിക്കുന്നത്. പ്രവീണിന്‍റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിർമിച്ചു നൽകിയിരുന്നു.