ബെൽമാർഷ്, ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മോചനം. ബ്രിട്ടൻ വിട്ട ജൂലിയൻ അസാൻജ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിനാണ് അസാൻജിനെ ജയിലിലടച്ചത്. ബ്രിട്ടനിലെ ബെൽമാർഷ് അതിസുരക്ഷാ ജയിലിൽ നിന്നാണ് ജൂലിയൻ അസാൻജ് മോചിതനായത്. 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് മോചനം സാധ്യമായിരിക്കുന്നത്. 52കാരനായ അസാൻജ് യുഎസ് ദേശീയ പ്രതിരോധ രേഖകൾ വെളിപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കുറ്റം സമ്മതിക്കാൻ സമ്മതിച്ചതോടെയാണ് ജയിൽ മോചനം സാധ്യമാകുന്നത്. 24 ജൂണിന് ജൂലിയൻ ജയിൽ മോചിതനായതായാണ് വിക്കിലീക്സ് ട്വീറ്റിൽ വിശദമാക്കുന്നത്.