വീക്കിപീഡിയയുടെ സ്വാധീനം സംബന്ധിച്ച ചര്‍ച്ച മുറുകുകയാണിപ്പോള്‍. ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാവുന്ന വിജ്ഞാന ബാങ്കായ വിക്കിപീഡിയ ഇതാദ്യമായല്ല വിവാദങ്ങളിൽ ഉൾപ്പെടുന്നത്. ഈ മാസം ആദ്യം, വൈസ് ന്യൂസിൽ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് അനുസരിച്ച് ചൈനീസ് സ്ത്രീ വർഷങ്ങളോളം വ്യാജ റഷ്യൻ ചരിത്രം വിക്കിപീഡിയില്‍ എഴുതിയിരുന്നതായി പറയുന്നു.
പ്രസക്തമായ കേസുകൾ സംബന്ധിച്ച വിക്കിപീഡിയയിലെ ലേഖനങ്ങൾ ജഡ്ജിമാരുടെ നിയമപരമായ തീരുമാനങ്ങളെ വരെ സ്വാധീനിക്കുമെന്ന് അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാണിച്ചിരുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയതെന്ന് സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഐറിഷ് സുപ്രീം കോടതി വിധികളെക്കുറിച്ച് നിയമവിദ്യാർത്ഥികൾ എഴുതിയ 150ലധികം പുതിയ വിക്കിപീഡിയ ലേഖനങ്ങൾ പരിശോധിച്ചാണ് സംഘം പഠനം നടത്തിയത്. ഈ ലേഖനങ്ങളിൽ പകുതിയും ക്രമരഹിതമായി ഓൺലൈനിൽ അപ്‌ലോഡ് ചെയ്തവയാണ്. ഇതില്‍ പലതും ജഡ്ജിമാർക്കും അഭിഭാഷകർക്കും ഗുമസ്തർക്കും ഉപയോഗിക്കാൻ കഴിയും.
ഐറിഷ് സുപ്രീം കോടതി തീരുമാനങ്ങളിലും ഇതിന്റെ സ്വാധീനമുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തി. ലേഖനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കോടതികളിലെ ഉദ്ധരണികളിൽ 20 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഉദ്ധരണികൾ ഉപയോഗിക്കുന്നത് പ്രധാനമായും സുപ്രീം കോടതിയോ അപ്പീൽ കോടതിയോ എന്നതിനപ്പുറം കീഴ്ക്കോടതികളിൽ നിന്നാണ് (ഹൈക്കോടതി ഉൾപ്പെടെ) വന്നതെന്ന് സംഘം പറഞ്ഞു.
തിരക്കേറിയ കോടതി നടപടികളെ നേരിടാൻ പല കോടതികളിലെയും ഗുമസ്തന്മാർ വിക്കിപീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ജഡ്ജിമാർ ഉദ്ധരിക്കുന്ന കാര്യങ്ങളിലും അവരുടെ തീരുമാനങ്ങൾ എങ്ങനെ എഴുതുന്നുവെന്നതിലും വിക്കിപീഡിയ സ്വാധീനം ചെലുത്തുണ്ടെന്ന് പഠനത്തിന്റെ പ്രധാന രചയിതാവായ നീൽ തോംസൺ പറഞ്ഞതായി എംഐടി കുറിച്ചു. അയർലണ്ടിലെ മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയിലെ ബ്രയാൻ ഫ്‌ളാനിഗൻ, എഡാന റിച്ചാർഡ്‌സൺ, ബ്രയാൻ മക്കെൻസി, കോർണൽ യൂണിവേഴ്‌സിറ്റിയിലെ ക്യുയുൻ ലുവോ എന്നിവരാണ് പഠനം നടത്തിയ ടീമിലെ മറ്റ് അംഗങ്ങൾ.”ദി കേംബ്രിഡ്ജ് ഹാൻഡ്ബുക്ക് ഓഫ് എക്സ്പിരിമെന്റൽ ജൂറിസ്പ്രൂഡൻസിൽ” ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.