തിരുവനന്തപുരം >വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
ഇതനുസരിച്ച് റവന്യു മന്ത്രി കെ രാജൻ, വനംമന്ത്രി എ കെ ശശീന്ദ്രൻ , തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അതേസമയം ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. പോളിൻ്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബേലൂർ മഖ്നയെ പിടികൂടാനുള്ള ശ്രമം തുടരുന്നുവെന്നും ആനയെ പിടികൂടാൻ തന്നെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.