ദില്ലി: സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള എൽഡിഎഫ് നേതാക്കൾ കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടു. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വയനാട്ടിലെ പ്രശ്നങ്ങൾ മന്ത്രിയെ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച. വന്യ മൃഗ ശല്യം അതീവ രൂക്ഷമാണ്. വന്യജീവികളുടെ ആക്രമണത്തിൽ നിരവധി പേർ മരണപെട്ടു. സാധാരണ ജനജീവിതം ബുദ്ധിമുട്ടിലായതിനെത്തുടർന്നാണ് എൽഡിഎഫ് നിവേദനം നൽകാൻ തീരുമാനിച്ചതെന്ന് സി കെ ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണ് ഉള്ളത്. മെയ് മാസം കേന്ദ്ര വനം വകുപ്പ് മന്ത്രി വയനാട് സന്ദർശിക്കും. മൂന്ന് സംസ്ഥാനവുമായുള്ള ചർച്ചക്ക് മുൻകൈ എടുക്കും. സഫാരി പാർക്കുകൾ ആരംഭിക്കുന്നതിൽ കേന്ദ്രത്തിനു യോജിപ്പാണുള്ളത്. കാടും നാടും തമ്മിൽ വേർതിരിക്കണം. ഇതിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകിയാൽ പരിശോധിച്ച് അനുകൂല നിലപാട് സ്വീകരിക്കാമെന്നും കേന്ദ്രം അറിയിച്ചതായി ശശീന്ദ്രൻ പറഞ്ഞു. യൂക്കാലി മരങ്ങൾ വെട്ടി മാറ്റുന്നതിലും കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണെന്ന് ശശീന്ദ്രൻ കൂട്ടിച്ചേർത്തു.