തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങൽക്കുത്തിൽ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരത്തിന്‍റെ ആദ്യ ഗഡുവായിട്ടാണ് ചാലക്കുടി ഡിഎഫ്ഒ വത്സലയുടെ കുടുംബത്തിന് നാളെ 5 ലക്ഷം രൂപ കൈമാറുന്നത്. മരണാനന്തര ചടങ്ങിന്റെ ചിലവ് വനസംരക്ഷണ സമിതി വഹിക്കും. കാട്ടിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജൻ്റെ ഭാര്യ വത്സലയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെടുത്ത് ഇപ്പോൾ ആശുപത്രിയിൽ എത്തിച്ചു.
കേരളത്തിൽ വന്യജീവി ആക്രമണം തുടർക്കഥയാകുകയാണ്. ഇന്നലെ ഇടുക്കി നേര്യമംഗലത്തെ സംഭവത്തിന്‍റെ നടുക്കം മാറും മുമ്പാണ് ഇന്ന് മറ്റ് രണ്ട് ജില്ലകളിൽ മരണം ഉണ്ടായിരിക്കുന്നത്. തൃശ്ശൂര്‍ പെരിങ്ങൽക്കുത്തിൽ ഊരുമൂപ്പന്‍റെ ഭാര്യയ്ക്ക് പുറമെ കോഴിക്കോട് കക്കയത്ത് ഒരു മലയോര കർഷകനും ഇന്ന് ജീവൻ നഷ്ടമായി. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകനാണ് മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്.