തൊടുപുഴ∙ ഇടുക്കിയിൽ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. ചിന്നക്കനാൽ ബി.എൽ.റാമിൽ മഹേശ്വരിയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നു പുലർച്ചെയാണ് സംഭവം. മഹേശ്വരിയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മഹേശ്വരിക്കു പരുക്കേറ്റു. വീട് ഭാഗികമായി തകർന്നു. ഇന്നലെയും ചിന്നക്കനാൽ മേഖലയിൽ മറ്റൊരു വീട് കാട്ടാന ആക്രമിച്ചിരുന്നു.
അതേസമയം, ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ ജനവാസ മേഖലയോടു ചേർന്ന് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമം ആർആർടിയുടെ നേതൃത്വത്തിൽ ഇന്നും തുടരും. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രിയും ആനകളെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. 5 കുട്ടിയാനകൾ ഉൾപ്പെടെ 9 ആനകളെയാണ് ചിന്നക്കനാൽ ബി.എൽ.റാം സിറ്റിയോടു ചേർന്നുള്ള എസ്റ്റേറ്റിൽ ഇന്നലെ കണ്ടെത്തിയത്.












