ഈറോഡ്: തമിഴ്നാട് ഈറോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. 22ഉം 16ഉം വയസ്സുള്ള സഹോദരങ്ങൾക്ക് നേരേയാണ് കാട്ടാനയുടെ ആക്രമണം. വനത്തോട് ചേർന്നുള്ള ഇവരുടെ കൃഷിഭൂമിയിൽ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഈറോഡ് തലവാടി മലയ്ക്ക് സമീപത്തായി കാട്ടാന ഇറങ്ങിയത്.
വിളവെടുക്കാറായ ചോളപ്പാടത്തിന് നടുക്കുള്ള കുടിലിലായിരുന്നു സഹോദരങ്ങള്‍ കിടന്നുറങ്ങിയിരുന്നത്. രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. തുമ്പിക്കയ്യില്‍ 22 കാരനെ പൊക്കിയെടുത്ത കാട്ടാന നിലത്തടിച്ചു. ശബ്ദം കേട്ട് എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 16കാരനെ കാട്ടാന തുരത്തിയോടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കലിയടങ്ങാത്ത കാട്ടുകൊമ്പന്‍ കുടിലും നിരപ്പാക്കിയ ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
രാവിലെ പാടത്തെത്തിയവരാണ് കാട്ടാനയുടെ പരാക്രമത്തില്‍ സഹോദരങ്ങള് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവരെ പിന്നീട് കര്‍ണാടകയിലെ ആശുപത്രിയിലേക്ക് മാറ്റി. കാട്ടുപന്നിയുടേയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യം ഈ മേഖലയില്‍ രൂക്ഷമായതിനാല്‍ കര്‍ഷകര്‍ രാത്രി കാലത്ത് പാടത്ത് കാവല്‍ കിടക്കുന്നത് സാധാരണമാണ്.