മഡിക്കേരി(കർണാടക): കർണാടകയിലെ മഡിക്കേരിയിൽ സിമന്റ് സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു. കൊഡഗ് ജില്ലയിലെ സോംവാർപേട്ട് താലൂക്കിലെ എളനീര്ഗുണ്ടി എസ്റ്റേറ്റിലാണ് സംഭവം. നിഡ്ത റിസർവ് വനത്തിൽ നിന്ന് എസ്റ്റേറ്റിൽ പ്രവേശിച്ച പിടിയാനയാണ് ഉപയോഗിക്കാതെ കിടന്നിരുന്ന സിമന്റ് സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. ആനയുടെ ശരീരം കുഴിയിൽ നിന്ന് മാറ്റി. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, കർണാടകയിലെ അടിപ്പാലാറിൽ തമിഴ്നാട് സ്വദേശി കർണാടക വനപാലകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കർണാടക – തമിഴ്നാട് അതിർത്തിയിൽ നിലനിന്ന സംഘർഷത്തിന് അയവുവന്നെന്ന് അധികൃതർ അറിയിച്ചു. മേട്ടൂർ കൊളത്തൂർ സ്വദേശി രാജയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊട്ടവഞ്ചിയിൽ മീൻ പിടിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ വനം വകുപ്പ് വാർഡൻമാർ വെടിവയ്ക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ ഇന്നലെ അതിർത്തിയിൽ സംഘടിച്ചത്. അതേസമയം കാട്ടിൽ അതിക്രമിച്ച് കയറി വേട്ടയാടിയ സംഘത്തിന് നേരെയാണ് നിറയൊഴിച്ചതെന്നാണ് കർണാടക വനപാലകരുടെ വാദം. സംഘർഷത്തെ തുടർന്ന് മേട്ടൂർ ഭാഗത്ത് അന്തർ സംസ്ഥാന വാഹന ഗതാഗതം ഏറെ നേരം നിർത്തിവച്ചിരുന്നു.