കോതമംഗലം > കോതമംഗലത്ത് ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്താണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഇന്ന് രാവിലെ ആന വീണത്. കിണറ്റിലെ വെള്ളം വറ്റിച്ചശേഷമാകും മയക്കുവെടി വെക്കുക. ആനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകി. വൈകിട്ട് നാലോടെയാകും മയക്കുവെടി വയ്ക്കുക. ആനയുടെ ശരീരത്തിൽ പരിക്കുകളുണ്ടെന്നും ആന ക്ഷീണിതനാണെന്നും വനംവകുപ്പ് അറിയിച്ചു. ആനയെ പുറത്തെത്തിക്കാൻ കിണർ ഇടിക്കേണ്ടതിനാൽ കിണർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ആനയെ മയക്കുവെടി വെയ്ക്കുന്നതിനെത്തുടർന്ന് കോട്ടപ്പടി പഞ്ചായത്തിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.1,2,3,4 വാർഡുകളിലാണ് നിരോധനജ്ഞ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്തെ ചതുരാകൃതിയിലുള്ള കിണറ്റിൽ കാട്ടാന വീണത്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്ക് കയറാൻ രാവിലെ മുതൽ ആന ശ്രമിക്കുന്നുണ്ട്. ഇതുമൂലം ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്. മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പും എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ട്.