ഇടുക്കി: നീണ്ട ഇടവേളയ്ക്ക് ശേഷം വണ്ടിപ്പെരിയാർ വള്ളക്കടവിൽ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്റെ പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പിൽ കാട്ടാനക്കൂട്ടങ്ങൾ കയറിയെങ്കിലും വ്യാപക നാശം വിതച്ചില്ല. സ്കൂൾ ഭാഗത്ത് നിന്ന് കാട്ടാനക്കൂട്ടങ്ങൾ മുരളീധരന്റെ കൃഷിയിടത്തിൽ എത്തി മൂപ്പെത്താറായ വാഴകൾ വ്യാപകമായി നശിപ്പിച്ചു. ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കുവാൻ നിർത്തിയ വാഴകളാണ് നശിപ്പിച്ചത്.
അരയേക്കറോളം വാഴക്കൃഷികൾ കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു. ഇതിൽ ഏലം കൃഷിയും മറ്റും ഉൾപ്പെടും. ഏകദേശം അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും വനപാലകർ ഈ കാര്യത്തിൽ വേണ്ടത്ര ശുഷ്ക്കാന്തി കാട്ടിയില്ലന്നന്ന് മുരളീധരൻ പരാതി പറഞ്ഞു. കൂടാതെ സമീപ പ്രദേശത്ത് ശോഭന, സാംകുട്ടി മണ്ണൂശ്ശേരി ഷാജി എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു.