എടക്കര : മൂത്തേടം പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിൽ നിന്നും 30 മീറ്റർ അകലെ ചോളമുണ്ടയിലുള്ള ഇഷ്ടിക കളത്തോട് ചേർന്ന് തൊഴിലാളികൾക്ക് ഉപയോഗിക്കാൻ നിർമ്മിച്ച കക്കൂസ് കുഴിയിലാണ് ആനയുടെ ജഡം കണ്ടത്. പുലർച്ചെ 4.15 ഓടെയാണ് സംഭവം നടന്നത്. തുടർന്ന് 8.30 ഓടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ആനയുടെ ജഡം പുറത്തെടുത്തു. ആനയ്ക്ക് 40 വയസിലേറെ പ്രായമുണ്ട്. ആനയുടെ ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ആനയുടെ ജഡം പോസ്റ്റുമോർട്ടം നടത്തി വനത്തിൽ സംസ്‌ക്കരിച്ചു. നിലമ്പൂർ നോർത്ത് എ.സി.എഫ് അനീഷ് സിദ്ധിഖ്, നിലമ്പൂർ റെയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ, കരുളായി റെയ്‌ഞ്ചോഫീസർ പി.കെ മുജീബ് റഹ്‌മാൻ, വനം വെറ്ററിനറി സർജൻ ഡോക്ടർ എസ് ശ്യാം, മൂത്തേടം വെറ്റിനറി സർജൻ ഡോ. മുഹമ്മദ് റയ്‌നു ഉസ്മാൻ, അമരമ്പലം വെറ്റിനറി സർജൻ ജിനു ജോൺ എന്നിവർ ചേർന്ന് മേൽ നപടികൾ സ്വീകരിച്ചു.