മാനന്തവാടിയിലിറങ്ങിയ ആനയെ ഇന്ന് മയക്കുവെടിവെക്കില്ല. മണ്ണുണ്ടി വനമേഖലയിൽ നിന്നും ആനയെ വെടിവെക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുന്നു. ഇതോടെ, കാട്ടാന ‘ബേലൂർ മഖ്നയെ’ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും എങ്ങുമെത്തിയില്ല. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയിൽ ആനയെ കണ്ടെത്തിയെന്നാണ് ഇന്ന് രാവിലെയുണ്ടായിരുന്ന റിപ്പോർട്ട്.
വനംവകുപ്പിൽനിന്നും 15 സംഘങ്ങളും പൊലീസിൽനിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിെൻറ ഭാഗമായിട്ടുള്ളത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തിൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ കണ്ടെത്താനാകാതെ ഇന്നലെ ദൗത്യസംഘം കാട്ടിൽനിന്ന് മടങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ദൗത്യസംഘത്തിന്‍റെ വാഹനങ്ങൾ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. രാത്രിയും ആനയെ നിരീക്ഷിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ചത്. വന്യമൃഗങ്ങളുടെ ഭീഷണി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കർഷകരുടെ നേതൃത്വത്തിൽ വയനാട്ടിൽ ഹർത്താൽ നടക്കുകയാണ്.