തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഈ ആവശ്യത്തിലേക്കായി ഇത്രയും വര്‍ദ്ധിച്ച തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ബജറ്റ് വിഹിതമായി മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും 75 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ആദ്യം 1.7 കോടിയും ഇപ്പോള്‍ അഞ്ച് കോടി രൂപയുമാണ് അധിക തുകയായി അനുവദിച്ചിട്ടുള്ളത്. കുടിശിക തുക മുന്‍ഗണനാ ക്രമത്തില്‍ ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള തുക വിവിധ സര്‍ക്കിളുകളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് കൈമാറി കഴിഞ്ഞു.
വന്യജീവി ആക്രമണത്തിന് വിധേയരായ പാവപ്പെട്ട കുടുംബങ്ങളുടെ പ്രയാസവും ദുരിതങ്ങളും ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എന്‍.ബാലഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ അദ്ദേഹം പ്രത്യേക താൽപര്യമെടുത്തതിന്റെ ഫലമായാണ് ഇത്രയും തുക അനുവദിച്ചുകിട്ടിയിട്ടുള്ളത്. ഈ വിഷയത്തിന്റെ ഗൗരവം എടുത്തുകാണിച്ച മാധ്യമപ്രവര്‍ത്തരെ വനം മന്ത്രി അഭിനന്ദിച്ചു.
മേല്‍ പ്രസ്താവിച്ച തുക കൂടാതെ സ്റ്റേറ്റ് പ്ലാന്‍ ഫണ്ടിലെ എം.ആര്‍.എം.എ.സി, ബയോഡൈവേഴ്‌സിറ്റി സംരക്ഷണം എന്നീ രണ്ട് ശീര്‍ഷകങ്ങളില്‍ നിന്നായി 8,05,45,823 രൂപയും പ്രോജക്റ്റ് എലിഫന്റ് ഫണ്ടില്‍ നിന്ന് 57,80,915 രൂപയും വന്യജീവി ആവാസ വ്യവസ്ഥയുടെ സംയോജിത വികസന ഫണ്ടില്‍ നിന്നും 10,72,727 രൂപയും ആയി ആകെ 8,73,99,465 രൂപ ഈ സാമ്പത്തിക വര്‍ഷം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇപ്രകാരം ഈ സാമ്പത്തിക വര്‍ഷം ആകെ 15,43,99,465 രൂപ നഷ്ട പരിഹാരത്തിനായി വിനിയോഗിച്ചിരിക്കുകയാണ്. അപ്രകാരം കുടിശിക തുകയില്‍ 90 ശതമാനം ഇതോടെ കൊടുത്തു തീര്‍ക്കുന്നതാണ്. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മുന്‍പൊരിക്കലും ചെയ്തിട്ടില്ലാത്ത വിധമാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കുന്നതിനായി ഒരു സാമ്പത്തിക വര്‍ഷം വിനിയോഗിക്കുന്നത്.
വന്യജീവി ആക്രമണം മൂലം ആള്‍നാശവും കൃഷി നാശവും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. അഞ്ച് വര്‍ഷംകൊണ്ട് നടപ്പിലാക്കേണ്ടുന്ന 620 കോടി രൂപയുടെ ഒരു പദ്ധതിയും വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആയത് ബഹു.മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയ്ക്കും കൈമാറിയിട്ടുണ്ട്.