ഷിംല: ക്ഷണിച്ചില്ലെങ്കിലും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് പോകുമെന്ന് വ്യക്തമാക്കി കോൺഗ്രസിന്‍റെ ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു. ഹൈകമാൻഡ് തീരുമാനത്തിനു മുമ്പേ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് സുഖ്വിന്ദർ.
അയോധ്യയിൽ നിന്ന് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും, ശ്രീരാമനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം. ഞങ്ങൾ അദ്ദേഹം കാണിച്ച പാത പിന്തുടരും -സുഖ്വിന്ദർ പറഞ്ഞു.
രാമക്ഷേത്രം പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്ക് ക്ഷണം ലഭിച്ചിരുന്നു. പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാത്തതിനെ തുടർന്ന് വിവാദം ഉടലെടുത്തു. കേരളത്തിലടക്കം നേതാക്കൾ അഭിപ്രായ പ്രകടനം നടത്തിയതോടെ പരസ്യപ്രതികരണം ഹൈകമാൻഡ് വിലക്കിയിരിക്കുകയാണ്.
ചടങ്ങിന് പാർട്ടി നേതാക്കൾക്ക് ക്ഷണം ലഭിച്ചതിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ഈ അവസരത്തിലാണ് ആദ്യമായി ഒരു കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.