തിരുവനന്തപുരം: എന്റെ അവസാന ശ്വാസം വരെ ബി.ജെ.പിയുടെ തെറ്റായ, വിനാശകരമായ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് ആന്‍റണി വികാരഭരിതനായത്.
ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് കടന്നു പോകുന്നത്. ഇനി എത്ര നാൾ ജീവിച്ചാലും താൻ മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കും ചോദ്യോത്തരങ്ങൾക്കും ഇനി തയാറാകില്ല. അദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത് -ആന്റണി പറഞ്ഞു.
അനിലിന്റെ തീരുമാനം തീർച്ചയായും വേദനയുണ്ടാക്കി. അതൊരു തെറ്റായ തീരുമാനമായിരുന്നു. ഇന്ത്യയുടെ ഐക്യം ബഹുസ്വരതയും മതേതരത്വവുമാണ്. ഈ നയങ്ങളെ ദുർബലപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം. അവസാന ശ്വാസം വരെ ബി.ജെ.പിക്കെതിരെ ശബ്ദിക്കും. എല്ലാവരെയും ഒരുപോലെ കണ്ടവരാണ് നെഹ്‌റു കുടുംബം. വിട്ടുവീഴ്ചയില്ലാതെ അതിന്നും തുടരുന്നു. ഒരു ഘട്ടത്തിൽ ഇന്ദിരാ ഗാന്ധിയുമായി അകന്നു. ഒരിക്കൽ വിട്ടുപോയെങ്കിലും തിരിച്ചു വന്നപ്പോൾ ഇന്ദിരാ ഗാന്ധിയോട് ബഹുമാനമായിരുന്നു. എന്നും ആ കുടുംബത്തോടാണ് കൂറ് -ആന്‍റണി കൂട്ടിച്ചേർത്തു.
82 വയസ്സായി. ഇനി ജീവിതം എത്രകാലം ഉണ്ടാകും എന്നറിയില്ല. എത്രയായാലും അവസാനം ശ്വാസംവരെ താൻ കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രിയും രാജ്യസഭയിലെ ബി.ജെ.പി നേതാവുമായ പിയൂഷ് ഗോയൽ പാർട്ടി ഷാൾ അണിയിച്ചാണ് അനിലിന് ബി.ജെ.പി അംഗത്വം നൽകിയത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരും പങ്കെടുത്തിരുന്നു. ബി.ജെ.പി സ്ഥാപക ദിവസമായ ഏപ്രിൽ ആറിന് അനിൽ ആന്റണിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട് എന്ന് പിയൂഷ് ഗോയൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്റെ ലക്ഷ്യം രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അംഗത്വം സ്വീകരിച്ച് അനിൽ ആന്റണി പറഞ്ഞു. ശശി തരൂർ വളർത്തി കൊണ്ടുവന്ന അനിൽ ആന്റണി ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്ന് കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്തായത്.