പാലക്കാട് : അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്തം. രാവിലെ 10 മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടത്തും. നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്യും. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസഹമാകുമെന്ന് നാട്ടുകാർ പറയുന്നു. അരിക്കൊമ്പനെ കൊണ്ടുവരരുതെന്ന് ചൂണ്ടിക്കാട്ടി കെ ബാബു മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ഇന്നലെ കത്ത് അയച്ചിരുന്നു.
നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണ് പറമ്പിക്കുളം. 3000ൽ അധികം ജനസംഖ്യയുള്ള സ്ഥലം. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്തുനിന്ന് താഴേക്ക് ഇറങ്ങി വന്ന് മുതലമട കൊല്ലംകോട് ഭാഗത്ത് വലിയ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഒരു വർഷത്തിനിടെ 40 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ സ്ഥലത്തേക്ക് അനി അരിക്കൊമ്പൻ കൂടി എത്തുമ്പോൾ ഇവിടത്തെ അവസ്ഥ എന്താകുമെന്നാണ് നോക്കുന്നത്.