തെഹ്റാൻ: പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേൽ തിരിച്ചടിക്കുകയും ഇറാന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ ഉടൻ പ്രതികരിക്കുമെന്നും പരമാവധി ശക്തമായി പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഒരു രാത്രിയിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന വന്നത്. ഇസ്രായേലിന്റെ ആക്രമണത്തെ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണമെന്നാണ് ഇറാൻ വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും ഇതെ കുറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ കൃത്യമല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ചയാണ് എംബസി ആക്രമിച്ചതിന് ഇറാൻ ഇസ്രായേലിനെതിരെ തിരിച്ചടിച്ചത്. എംബസി ആക്രമണത്തിൽ ജനറൽ ഉൾപ്പെടെ ഏഴ് ഉന്നത ഉദ്യോഗസ്ഥരെ വധിച്ചിരുന്നു. അതിന് 300 ഓളം മിസൈൽ ആക്രമണം നടത്തിയായിരുന്നു ഇറാന്റെ മറുപടി. അതിനു ശേഷം ഇസ്രായേൽ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലായിരുന്നു ഇസ്രായേൽ ആക്രമണം. എന്നാൽ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മൂന്ന് ഡ്രോണുകൾ തകർത്തതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചു.