ഓസ്‍കര്‍ പ്രഖ്യാപന വേദിയില്‍ വില്‍ സ്‍മിത്ത് അവതാരകനെ തല്ലിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. അവതാരകൻ ക്രിസ് റോക്കിനെ തല്ലിയെ സംഭവത്തില്‍ വില്‍ സ്‍മിത്തിന് 10 വര്‍ഷത്തെ വിലക്കും ഓസ്‍കര്‍ അക്കാദമി ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ വ്യത്യസ്‍ത പ്രതികരണങ്ങളുമായി സിനിമാ ലോകം രംഗത്ത് എത്തിയിരുന്നു. അക്കാദമിയുടെ തീരുമാനത്തിന്റെ തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വില്‍ സ്‍മിത്ത്. അക്കാദിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്‍മിത്ത് ഒരു മാധ്യമവുമായി സംസാരിക്കവേ അറിയിച്ചത്. അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാൻ സ്‍മിത്തിനെ അനുവദിക്കില്ലെന്നാണ് ബോർഡ് തീരുമാനിച്ചത്.
ഭാര്യ ജെയ്‍ഡയുടെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയില്‍ കയറി തല്ലുകയായിരുന്നു. സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.