ദില്ലി: രണ്ട് ഘട്ടങ്ങളിലായി പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ ആയിരിക്കും രണ്ട് ഘട്ടങ്ങളിലായി കയറ്റുമതി ചെയ്യുക. അടുത്ത സീസണിലേക്ക് ക്വാട്ട അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി നാഷണൽ ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് ഷുഗർ ഫാക്‌ടറീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പ്രകാശ് നായിക്‌നവരെ പറഞ്ഞു. ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന 2022/23 സീസണിലെ കയറ്റുമതി നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 4 ദശലക്ഷം മുതൽ 5 ദശലക്ഷം ടൺ വരെ കയറ്റുമതി ആദ്യ ഘട്ടത്തിലും ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിലും അനുവദിക്കും. പണപ്പെരുപ്പം നിയന്ത്രിക്കാൻ പാടുപെടുന്ന രാജ്യം, അടുത്തിടെ ഗോതമ്പ് കയറ്റുമതി നിരോധിക്കുകയും പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുകയും സോയോയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും തീരുവ രഹിത ഇറക്കുമതി അനുവദിക്കുകയും ചെയ്തു. ആഗോള വിപണിയിൽ പഞ്ചസാര റെക്കോർഡ് അളവിൽ വിറ്റഴിച്ചതിനെത്തുടർന്ന് ആഭ്യന്തര വില പിടിച്ചുനിർത്താൻ നിലവിലെ വിപണന വർഷത്തിൽ ഇന്ത്യ പഞ്ചസാര കയറ്റുമതി 11.2 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തിയിരുന്നു.