കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോർട്ട് കളക്ടറടക്കമുള്ളവർക്ക് നിർണായകമാകും. ലാൻഡ് റവന്യു ജോയിന്റ് കമീഷണർ ഇന്നോ നാളെയോ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് വിവരം. നവീൻ ബാബുവിനെതിരെ കോഴ ആരോപണം ഉന്നയിച്ച പി പി ദിവ്യയുടെ മൊഴി എടുത്തിട്ടില്ലെന്നതാണ് അന്വേഷണത്തിലെ ശ്രദ്ധേയമായ ഒരു കാര്യം. കേസിൽ പ്രതിയായ ദിവ്യ മുൻകൂർ ജാമ്യപേക്ഷയിലെ കോടതി വിധി വരും വരെ ഒളിവിൽ ആണെന്നാണ് വിവരം. അതുകൊണ്ടാണ് ദിവ്യയുടെ മൊഴി എടുക്കാനാകാത്തത്.
എ ഡി എം നവീൻ ബാബുവിന്റെ യാത്രയയപ്പിലേക്ക് താൻ ദിവ്യയെ ക്ഷണിച്ചില്ല എന്നാണ് കണ്ണൂർ കളക്ടറുടെ മൊഴി. കൈക്കൂലി കൊടുത്തു എന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും കളക്ടർക്ക് എതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക.