ദില്ലി: സിൽവർ ലൈനിന് പകരം കേരളത്തിനായി കേന്ദ്രം വലിയ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് നാല് മണിക്കാണ് ദില്ലിയിൽ വാർത്താ സമ്മേളനം. സിൽവർ ലൈൻ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടെന്നും കേരളത്തിനായി വേറെ പദ്ധതി വരുമെന്നും മന്ത്രി നേരത്തെ സൂചന നൽകിയിരുന്നു.
ആന്ധ്രാ പ്രദേശിന് പിന്നാലെ കേരളത്തിനും വന്ദേഭാരത് ട്രെയിനുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമാകുമെന്ന് ചില കേന്ദ്ര മന്ത്രിമാരും നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിലും നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി.