ലഖ്നോ: തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരെ വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ. തനിക്ക് വേണ്ടി ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട വ്യക്തികൾ വോട്ട് ചെയ്തിട്ടില്ലെന്നും അവർക്ക് വേണ്ടി പ്രവർത്തിക്കില്ലെന്നുമായിരുന്നു യു.പി ബിജ്നോറിൽ നിന്നുള്ള എം.എൽ.എയായ ഓം കുമാറിന്റെ പരാമർശം.
“ഇനി ഞാൻ എനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമേ പ്രവർത്തിക്കൂ. എല്ലാവരും നമുക്ക് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ ജാതിയിൽപ്പെട്ടവരും നമുക്ക് വോട്ട് ചെയ്തു. എന്നാൽ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട ചിലർ മാത്രം ഒറ്റപ്പെട്ട് നിന്നു, അവർ ഒത്തുകൂടി, അവർക്ക് ഗുണ്ടായിസത്തിനുള്ള ലൈസൻസ് മോദി-യോഗിയിൽ നിന്ന് ലഭിക്കുമെന്നതാണ് കാരണം. ആ ലൈസൻസ് അവർക്ക് ലഭിക്കാൻ ഞാൻ അനുവദിക്കില്ല. അവർക്ക് വേണ്ടി ഞാൻ പ്രവർത്തിക്കില്ല, നമ്മുടെ പാർട്ടിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമായിരിക്കും എന്റെ പ്രവർത്തനം,“ കുമാർ പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് കുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരം പരാമർശങ്ങളിൽ നിന്ന് വ്യക്തമാകുന്നത് തനിക്ക് വോട്ട് ചെയ്ത ഹിന്ദു പ്രവർത്തകർക്ക് വേണ്ടി മാത്രമാകും കുമാറിന്റെ പ്രവർത്തനമെന്നും ഇത് ഭരണഘടനയോടുള്ള അനീതിയാണെന്നും ചിലർ പ്രതികരിച്ചു.
2017ലെയും 2022ലെയും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച കുമാർ മൂന്നാം തവണയും എം.എൽ.എയായി അധികാരമേറ്റതിന് പിന്നാലെയാണ് വിവാദ പരാമർശം. 2022 തെരഞ്ഞെടുപ്പിൽ എതിരാളിയായ രാഷ്ട്രീയ ലോക്ദളിൻ്റെ സ്ഥാനാർത്ഥി മുൻസി റാമിനെ 258 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.